യമുനാനഗര്‍: ഹരിയാനയിൽ ദേശീയ പാതയിലെ പാലത്തിൽ നിന്ന് 4,500 ലധികം ഇരുമ്പ് നട്ടുകളും ബോൾട്ടുകളും കാണാതായി. ദേശീയപാത 344-ൽ കരേര കുർദ് ഗ്രാമത്തിനടുത്തുള്ള യമുനാ കനാലിന് കുറുകെയുള്ള പാലത്തിൽ നിന്നാണ് നട്ടുകളും ബോൾട്ടുകളും കാണാതായത്. സംഭവം മോഷണമാണെന്നാണ് പൊലീസ് പറയുന്നത്. നിർമ്മാണ കമ്പനിയായ സദ്ഭവ് എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പരാതിയിൽ മോഷണക്കുറ്റത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസമാണ് പാലത്തില്‍നിന്ന് 4500-ഓളം നട്ടുകളും ബോള്‍ട്ടുകളും കാണാതായത്. പാലത്തിന്റെ അടിഭാഗത്ത് നിന്ന് ബോൾട്ടുകൾ കാണാനില്ലെന്ന് നാട്ടുകാരാണ് കമ്പനിയുടെ പ്രോജക്ട് മാനേജരെ അറിയിച്ചത്. ഇതേതുടർന്ന് കമ്പനി അധികൃതർ പാലത്തിലെത്തി പരിശോധന നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. വിവരമറിഞ്ഞ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, പാലത്തിലെ നട്ടുകളും ബോൾട്ടുകളും പുനഃസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചതായി പ്രോജക്ട് മാനേജർ അറിയിച്ചു. മൂന്നോ നാലോ ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.