കൊച്ചി: ബലാത്സംഗം ചെയ്യുന്ന ആളേക്കാൾ ഇര തല കുനിച്ച് നടക്കേണ്ട സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളതെന്ന് നടൻ ടൊവിനോ തോമസ്. ഇത് സമൂഹത്തിന്റെ പ്രശ്നം മാത്രമാണെന്നും അത്തരം കാര്യങ്ങളിൽ ഇപ്പോഴും തിരുത്തലുകളൊന്നും ഉണ്ടാകുന്നില്ലെന്നും ടൊവിനോ പറഞ്ഞു. എറണാകുളം ലോ കോളേജിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള ചർച്ചയിലാണ് ടൊവിനോ തോമസിന്റെ പ്രതികരണം.
“നമ്മുടെ സമൂഹത്തിൽ, റേപ്പിസ്റ്റിനെക്കാൾ കൂടുതൽ തലകുനിക്കേണ്ടത് ഇരയാണ്, അതിനാലാണ് കേസുമായി മുന്നോട്ട് വരാൻ അവർ തയ്യാറാകാത്തത്. അതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഈ സമൂഹത്തിൽ എന്തോ കുഴപ്പം ഉള്ളതുകൊണ്ടാണ് അത് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഇതൊന്നും ഇതുവരേയും തിരുത്താനും തയ്യാറായിട്ടില്ല”
‘ഇരകൾ എന്ത് തെറ്റാണ് ചെയ്തത്? അവർ ഒരു തെറ്റും ചെയ്തിട്ടില്ല. അവർ ഒരിക്കലും തല കുനിച്ച് നടക്കേണ്ടതില്ല. ജീവിതം നഷ്ടപ്പെടുന്നത് ഇരയ്ക്കാണ്. സമൂഹം ഇരയെ നോക്കുന്ന രീതി മാറണം, എങ്കിൽ മാത്രമേ അത്തരം കേസുകളിൽ നീതി നടപ്പാക്കാൻ കഴിയൂ.”