ആലുവ: പെരിയാറിന്‍റെ ആലുവ പ്രദേശത്ത് നീർനായകളുടെ കൂട്ടത്തെ കണ്ടത് ആശങ്ക സൃഷ്ടിച്ചു. വെള്ളത്തിനടിയിൽ വന്ന് മനുഷ്യരെ ആക്രമിക്കുന്ന രീതി നീർനായക്കുണ്ട്. ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു.
വെള്ളത്തിനടിയിൽ നീന്തുകയും മത്സ്യങ്ങളെ വേട്ടയാടുകയും ചെയ്യുന്ന നീർനായ പുഴയിൽ പലയിടത്തും കാണപ്പെടുന്നു. പെരിയാറിന്‍റെ ഇരുകരകളിലുമുള്ള കുറ്റിക്കാടുകളിലാണ് ഇവ താമസിക്കുന്നത്. ഭക്ഷണവും മറ്റും തേടി അവർ കൂട്ടത്തോടെ നദിയിലേക്കിറങ്ങും.
മണപ്പുറം ഉൾപ്പെടെയുള്ള പെരിയാറിലെ കടവുകളിൽ ഇറങ്ങുന്നവരെ ഭയപ്പെടുത്തുകയാണ് നീർനായയുടെ സാന്നിദ്ധ്യം. തീരത്തുള്ളവർ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി പെരിയാറിനെയാണ് ആശ്രയിക്കുന്നത്. പൊതുകടവുകളിൽ കുളിക്കാൻ മറ്റ് സ്ഥലങ്ങളിൽ നിന്ന് നിരവധി ആളുകൾ പെരിയാറിൽ എത്തുന്നു.