കോട്ടയം: ഓർത്തഡോക്സ് സഭ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് സഭയുടെ നിർദേശം.
ഞായറാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഓർത്തഡോക്സ് സഭ നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സർക്കാർ തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് സ്വന്തം മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുള്ള പ്രതിഷേധം. സർക്കാർ തീരുമാനത്തോട് കെസിബിസി വിയോജിപ്പ് പ്രകടിപ്പിച്ചു. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി. കുട്ടികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർക്ക് ഞായറാഴ്ച മതപരമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ട്. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്റെ ഭാഗമായ പരീക്ഷകളുമുണ്ട്. ഞായറാഴ്ചകൾ വിശ്വാസപരമായ കാര്യങ്ങൾക്കായി മാറ്റിവയ്ക്കണം. ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നാണ് കെസിബിസിയുടെ ആവശ്യം.
കെ.സി.ബി.സിക്ക് പിന്നാലെ മാർത്തോമ്മാ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാംപെയ്ൻ നടത്തുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികൾ ഞായറാഴ്ചയെ ഒരു വിശുദ്ധ ദിവസമായാണ് കണക്കാക്കുന്നത്. ലഹരി വിരുദ്ധ പരിപാടിക്ക് ഞായറാഴ്ച തന്നെ തിരഞ്ഞെടുത്തത് വേദനാജനകമാണ്. ഇത് കണക്കിലെടുത്ത് നാളത്തെ (ഞായറാഴ്ച) ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാംപെയ്നിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നതായും മാർത്തോമാ സഭ അറിയിച്ചു.