തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനം ചേരാനിരിക്കെ സഭയിൽ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും മുന്നണി കൈക്കൊള്ളാനാണ് സാധ്യത.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്ന ശേഷം മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നുമാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്.
പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്താനും സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനും അതുവഴി ആരോപണങ്ങൾ മൂടിവയ്ക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യോഗത്തിൽ തീരുമാനമാകും.