തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് ഭീഷണിപ്പെടുത്തുന്ന സ്വരത്തിലാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. “പത്രസമ്മേളനത്തിൽ പങ്കെടുക്കുന്ന വ്യക്തിയെ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ പറയുന്നത് ഇതാദ്യമായിരിക്കും,” അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസാരിക്കുന്ന വ്യക്തിയുടെ ഇഷ്ടത്തിനല്ലല്ലോ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രതിപക്ഷ നേതാവിനോട് അത്തരമൊരു ചോദ്യം ചോദിച്ചപ്പോൾ അവിടെയുണ്ടായ മറുപടി ദൃശ്യമാധ്യമങ്ങളിൽ കാണാമായിരുന്നു. ഇതാദ്യമായാണ് ഇവിടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ആളെ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഇതിന്റെ തുടർച്ചയായി, ചില കൈകൾ വെട്ടുമെന്ന് അണികളിൽ നിന്ന് ആക്രോശങ്ങളും ഉയർന്നിട്ടുണ്ട്.
രണ്ട് സമീപനങ്ങൾ ഇവിടെ കൃത്യമായി കാണണം. രണ്ടാമതൊന്നാലോചിക്കാതെ എന്തോ ഒരു തെറ്റ് സംഭവിച്ചപ്പോൾ അതിനെ തള്ളിക്കളഞ്ഞ ഒരു സംസ്കാരം. അതിനെതിരെ കർശന നടപടി സ്വീകരിക്കാൻ തയ്യാറുള്ള ഭരണസംവിധാനം. എന്നാൽ നമ്മുടെ സംസ്ഥാനത്ത് മുമ്പ് നടന്നിട്ടുള്ള സമീപനം ഇതാണോ എന്ന് ചിന്തിക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.