ശ്രീലങ്ക: ശ്രീലങ്കയിൽ നാളെ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ പിൻമാറി. ഭരണകക്ഷിയിൽ നിന്ന് കൂറുമാറിയ മുൻ മന്ത്രി ഡാളസ് അളഹപെരുമയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. അതേസമയം, ആക്ടിംഗ് പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ശ്രീലങ്കൻ സുപ്രീം കോടതി തള്ളി.
ശ്രീലങ്കയിൽ നാളെ നടക്കാനിരിക്കുന്ന നിർണായകമായ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ആക്ടിംഗ് പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, മുൻ മന്ത്രി ഡാളസ് അളഹപെരുമ, ജനതാ വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസാനായകെ എന്നിവരാണ് മത്സരരംഗത്തുള്ളത്. അവസാന നിമിഷം വരെ സജിത്ത് പ്രേമദാസ മത്സരരംഗത്തുണ്ടായിരുന്നു.
ഭരണപക്ഷം വിട്ട ഡാളസ് അളഹപെരുമയെ പിന്തുണയ്ക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. നാളെ രാവിലെ 10 മണിക്ക് പാർലമെന്‍റിൽ രഹസ്യ വോട്ടെടുപ്പ് നടക്കും. മൊബൈലിൽ വോട്ട് ചെയ്യുന്ന വീഡിയോ പകർത്താൻ എംപിമാർക്ക് പാർട്ടികൾ നിർദ്ദേശം നൽകിയതായാണ് വിവരം. അതേസമയം, ആക്ടിംഗ് പ്രസിഡന്‍റ് റനിൽ വിക്രമസിംഗെയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് വിക്രമസിംഗെയ്ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.