തിരുവനന്തപുരം: കരുവനന്നൂര്‍ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സക്ക് കിട്ടാതെ മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ കുടുംബത്തിനെതിരായ പരാമർശത്തിൽ മന്ത്രി ആർ.ബിന്ദു മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാങ്കിൽ സ്വന്തമായി പണമുണ്ടായിട്ടും മതിയായ ചികിത്സ നൽകാൻ കഴിയാത്തതിൽ ദുഃഖവും പ്രതിഷേധവും പ്രകടിപ്പിച്ച് കുടുംബം മൃതദേഹവുമായി പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ രാഷ്ട്രീയ മുതലെടുപ്പെന്ന് വിളിച്ച് മന്ത്രി വീണ്ടും അപമാനിച്ചു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. “നമ്മുടെ സിസ്റ്റത്തിന്റെ പ്രശ്നമാണ് കരുവന്നൂരിലേത്. നമ്മളാണ് പ്രതികൾ . സര്‍ക്കാരിന്റെ ഭാഗമായി നില്ക്കുന്ന ഒരാള്‍ അവരുടെ പ്രതിഷേധത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു കാരണവശാലും ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. അത് പൂര്‍ണ്ണമായും പിന്‍വലിച്ച് മാപ്പ് പറയണം” സതീശൻ പറഞ്ഞു.
ഇത് ഒരിടത്തെ മാത്രം പ്രശ്നമല്ല. പലരും ആത്മഹത്യയുടെ വക്കിലാണ്. ഭൂമി വിൽപ്പന, പെൻഷൻ, മക്കളുടെ വിവാഹത്തിനായി സമ്പാദിച്ചതുൾപ്പെടെയുള്ള പണമാണ് ബാങ്കിൽ നിക്ഷേപിച്ചു. ജനങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുമ്പോൾ സർക്കാർ ഇടപെടേണ്ടതല്ലേ? കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്നതാണ് ഇതിനെ രാഷ്ട്രീയ വിഷയമാക്കാത്തതിന് കാരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പറയാതാരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.