ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ അഞ്ചാം ദിവസവും പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർദ്ധനവ്, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചു. ഇന്ന് സഭ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം, നിർണായകമായ ചില ബില്ലുകളും ഇന്ന് സഭ പാസാക്കി.
ഇന്ത്യൻ അന്‍റാർട്ടിക് ബിൽ, 2022 ഇന്ന് ലോക്സഭയിൽ പാസാക്കി. അന്‍റാർട്ടിക് മേഖലയിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രത്തെ ആഭ്യന്തര നിയമങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ബില്ലാണ് പാസാക്കിയത്. ബിൽ പാസാക്കിയതിനെ തുടർന്ന് ലോക്സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
അന്‍റാർട്ടിക്കയിൽ ഇന്ത്യയ്ക്ക് രണ്ട് ഗവേഷണ കേന്ദ്രങ്ങളുണ്ട്, മൈത്രിയും ഭാരതിയും. ഇന്ത്യൻ ശാസ്ത്രജ്ഞർ ഇവിടെ ഗവേഷണം നടത്തുന്നുണ്ട്. അനുമതിയില്ലാതെയോ രേഖകളില്ലാതെയോ അന്‍റാർട്ടിക്കയിലേക്ക് പോകുന്നവരെ ബിൽ വിലക്കുന്നു.