Spread the love

ന്യൂഡല്‍ഹി: ഒപെക് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉത്പാദനം ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് ഉത്പാദനം കുറയ്ക്കാൻ കാരണം. ഒപെക് രാജ്യങ്ങളുടെ സംയോജിത ഉത്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ എന്ന നിരക്കിൽ കുറയ്ക്കാനാണ് തീരുമാനം.

രണ്ട് വർഷത്തിനിടയിൽ ഒപെക് രാജ്യങ്ങൾ ഒരു ദിവസം ഉത്പാദനം കുറയ്ക്കാൻ തീരുമാനിച്ച ഏറ്റവും ഉയർന്ന അളവ് ആണിത്. എന്നാൽ ആഗോളതലത്തിൽ, ക്രൂഡ് ഓയിലിന്‍റെ ലഭ്യതയിൽ ഇത് വലിയ വ്യത്യാസമൊന്നും ഉണ്ടാക്കിയേക്കില്ല. പല അംഗരാജ്യങ്ങളും ഇതിനകം തന്നെ ഉത്പാദനം കുറച്ചിട്ടുണ്ട്. അതിനാലാണ് അസംസ്കൃത എണ്ണയുടെ ലഭ്യതയിൽ വലിയ മാറ്റമുണ്ടാകാത്തത്.

അതേസമയം, ലണ്ടൻ വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 91.35 ഡോളറായി കുറഞ്ഞു. ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഉത്പാദനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഈ വർഷം ആദ്യം സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ഒപെക് രാജ്യങ്ങളുടെ ഇപ്പോഴത്തെ തീരുമാനം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൂടുതൽ തലവേദനയാണ്. ലോകം സാമ്പത്തിക മാന്ദ്യത്തിന്‍റെ വക്കിലായിരിക്കുമ്പോൾ, ഒപെക് രാജ്യങ്ങൾ ഉത്പാദനം വീണ്ടും വെട്ടിക്കുറയ്ക്കുന്നത് ആഗോളതലത്തിൽ ഊർജ്ജ ചെലവ് വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ.

By newsten