ന്യൂഡല്‍ഹി: അടിയന്തര ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റർ അറബിക്കടലിൽ പതിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ ഒമ്പത് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈ ഹൈയിൽ സ്ഥിതി ചെയ്യുന്ന ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ സായ് കിരൺ റിഗിൽ ഹെലികോപ്റ്റർ ഇറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി.
യാത്രക്കാരിൽ ആറുപേർ ഒഎൻജിസി ജീവനക്കാരും ഒരാൾ കമ്പനിയിൽ ജോലി ചെയ്യുന്ന കരാർ ജീവനക്കാരനുമാണ്. മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന റിഗിൽ ലാൻഡിംഗ് സോണിൽ നിന്ന് 1.5 കിലോമീറ്റർ അകലെ റിഗിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കമ്പനി വക്താവ് പറഞ്ഞു. ഹെലികോപ്റ്റർ തകർന്ന് വീണതിന് സമീപമുണ്ടായിരുന്ന സാഗർ കിരണിൽ നിന്നുളള രക്ഷാ ബോട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരാളെ രക്ഷപ്പെടുത്തി.
മാൾവിയ-16 എന്ന കപ്പലാണ് മറ്റ് അഞ്ച് പേരെ രക്ഷപ്പെടുത്തിയത്. എം.ആർ.സി.സി മുംബൈയുടെ നിർദ്ദേശപ്രകാരമാണ് കപ്പൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഒരു കോസ്റ്റ് ഗാർഡ് കപ്പലും മറ്റൊരു കപ്പലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കോസ്റ്റ് ഗാർഡ് വിമാനം അപകടത്തിൽപ്പെട്ടവർക്കായി ലൈഫ് റാഫ്റ്റുകള് കടലിലേക്ക് എറിഞ്ഞു. ഹെലികോപ്റ്റർ അടിയന്തരമായി ലാൻഡ് ചെയ്തതിന്റെ കാരണം വ്യക്തമല്ല.