ന്യൂഡല്‍ഹി: എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള ഓപ്പൺ ഓഫർ നവംബർ 22 മുതൽ ഡിസംബർ 5 വരെ സബ്സ്ക്രിപ്ഷനായി തുറക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഒക്ടോബർ 17 മുതൽ നവംബർ 1 വരെയായിരുന്നു അദാനിയുടെ ഓപ്പൺ ഓഫറിന്‍റെ നേരത്തെയുള്ള സമയപരിധി.
രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ അദാനി എന്‍റർപ്രൈസസ് ഏറ്റെടുക്കുന്നതായി ഓഗസ്റ്റ് 24ന് പ്രഖ്യാപിച്ചിരുന്നു. ഓപ്പൺ ഓഫറിലൂടെ എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നതായും അദാനി എന്‍റർപ്രൈസസ് അറിയിച്ചു. ഈ പ്രഖ്യാപനം വിവാദമായിരുന്നു. അദാനി ഗ്രൂപ്പ് എൻഡിടിവിയുടെ ഓഹരികൾ വാങ്ങിയത് ചർച്ചയോ സമ്മതമോ അറിയിപ്പോ ഇല്ലാതെയാണെന്ന് എൻഡിടിവിയുടെ സ്ഥാപക പ്രമോട്ടർമാരായ രാധിക റോയ്, പ്രണോയ് റോയ് എന്നിവർ പറഞ്ഞു.
2022 ജൂൺ 30 വരെ എൻഡിടിവിയുടെ പ്രമോട്ടർമാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർക്ക് യഥാക്രമം 15.94 ശതമാനവും 16.32 ശതമാനവും ഓഹരികളുണ്ട്. അവരുടെ ആർആർപിആറിന് 29.18 ശതമാനം ഓഹരിയുണ്ട്.