Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ഈഞ്ചക്കലിനടുത്ത് ഐ.എൻ.ടി.യു.സി. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. മൂന്ന് മാസത്തിനകം അനധികൃത നിർമ്മാണം ക്രമപ്പെടുത്തിയില്ലെങ്കിൽ പൊളിച്ചുനീക്കാൻ ഉത്തരവിൽ പറയുന്നു. എന്നാൽ, വിധി വന്ന് ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടം ക്രമപ്പെടുത്താൻ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. അനുമതിയില്ലാതെ കെട്ടിടം പണി അറിഞ്ഞിട്ടില്ലെന്നാണ് നഗരസഭയുടെ നിലപാട്.

ഐ.എൻ.ടി.യു.സിയുടെ തന്നെ നേതാവായ അടുമൻകാട് വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാന്‍റെ വിധി. വിധിക്ക് മുമ്പ് ഓംബുഡ്സ്മാൻ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചിരുന്നു. തുടർന്ന് കെട്ടിടത്തിന്‍റെ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോർപ്പറേഷൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കോർപ്പറേഷൻ എഞ്ചിനിയറെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കെട്ടിടത്തിനാവശ്യമായ ഒരു വകുപ്പുകളുടേയും എൻ.ഒ.സി. ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് നൽകി. ഇത് കണക്കിലെടുത്താണ് ഓംബുഡ്സ്മാന്‍റെ ഉത്തരവ്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ലാൻഡിംഗ് ഏരിയയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിയമം അനുസരിച്ച് പ്രദേശത്ത് രണ്ട് നിലക്കപ്പുറം ഒരു കെട്ടിടവും നിർമ്മിക്കാൻ പാടില്ല. കെട്ടിടം നിർമ്മിക്കാൻ എയർപോർട്ട് അതോറിറ്റിയുടെയും സതേൺ എയർ കമാൻഡിന്‍റെയും എൻഒസി വേണം. പക്ഷേ കെട്ടിടത്തിന് അത്തരമൊരു എൻഒസി ഇല്ല. ഇത് ലഭിച്ചാൽ മാത്രമേ തുടർന്നുള്ള മറ്റ് വകുപ്പുകളുടെ അനുമതി ലഭിക്കൂ.

By newsten