ഡൽഹി : എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻഡിഎ സഖ്യകക്ഷികൾക്കും പുറമെ ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ് പാർട്ടി പ്രതിനിധികളും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മുന്നോട്ടുവന്നു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നാല് സെറ്റ് നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചത്. ബി.ജെ.പിയുടെ ദേശീയ നേതൃത്വം ഒന്നടങ്കം ചടങ്ങിന്റെ ഭാഗമായിരുന്നു.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ ദ്രൗപുദി മുർമുവും പാർലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബി.ആർ. അംബേദ്കറുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തി. ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവും ജാർഖണ്ഡിലെ മുൻ ഗവർണറുമാണ് ദ്രൗപദി മുർമു. ഡല്‍ഹിയില്‍ ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗമാണ് ദ്രൗപദി മുർമുവിന്റെ പേര് അംഗീകരിച്ചത്. ഗവർണർ പദവിയിലേക്ക് ഉയർത്തപ്പെടുന്ന രാജ്യത്തെ ആദ്യ ആദിവാസി വനിതയാണ് അവർ.
അതേസമയം, പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ എര്‍പ്പെടുത്തി. ദ്രൗപദി മുർമു പ്രതിപക്ഷ നിരയിൽ വോട്ടുകൾ ഭിന്നിപ്പിക്കുന്നത് തടയാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി ജെഎംഎം ഉൾപ്പെടെയുള്ള പാർട്ടികളുമായി കോണ്‍ഗ്രസ് ചർച്ച നടത്തും.