കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി വക്താവ് ടോം വടക്കൻ . മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും കേസ് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും ടോം വടക്കൻ പറഞ്ഞു. അതേസമയം കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്നില്ലെന്ന് ടോം വടക്കൻ ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. വെളിപ്പെടുത്തലിന് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോഴും പറയുന്നതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
എന്നാൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ നുണകളാണെന്നും കേരള സമൂഹം അതിനെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.