കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷക ആർ കൃഷ്ണരാജിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി തടഞ്ഞു. മതവിദ്വേഷം ജനിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്നാരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നടപടി. കേസ് പരിഗണിക്കുന്ന ചൊവ്വാഴ്ച വരെ ആരെയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് മതവിഭാഗത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. താൻ മതനിന്ദ നടത്തിയിട്ടില്ലെന്നും സ്വപ്നയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായതിലുള്ള പ്രതികാര നടപടിയാണ് കേസെന്നും കൃഷ്ണരാജ് കോടതിയിൽ വാദിച്ചു.