സ്വർണക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ വ്യാപക ശ്രമം നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് സർക്കാരിനെ താഴെയിറക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാകാതായപ്പോൾ പുതിയ തിരക്കഥ തയ്യാറാക്കുന്നുവെന്ന് കോടിയേരി വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രിക്കോ ഓഫീസിനോ ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് സ്വപ്ന മൊഴി നൽകി. സ്വർണം അയച്ച് കൈപ്പറ്റിയവരെ കേന്ദ്ര ഏജൻസികൾ പിടികൂടിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാർട്ടികളുടെ സമരത്തിന് സർക്കാർ വഴങ്ങില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ചു. അതേസമയം പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജലപീരങ്കി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെല്ലാനത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി തൃശൂർ രാമനിലയത്തിലെത്തും. 40 അംഗ കമാൻഡോ സംഘമാണ് മുഖ്യമന്ത്രിയെ വിന്യസിക്കുന്നത്. ഇന്ന് രാത്രി രാമനിലയത്ത് ഗസ്റ്റ് ഹൗസിലാവും മുഖ്യമന്ത്രി തങ്ങുക. അതിന് ശേഷം മുഖ്യമന്ത്രി നാളെ മലപ്പുറത്തെത്തും. കോട്ടയത്തിന് പിന്നാലെ കൊച്ചിയിലും മുഖ്യമന്ത്രിക്ക് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തും അമ്പതോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് കൊച്ചിയിൽ മുഖ്യമന്ത്രിക്ക് രണ്ട് പരിപാടികളുണ്ടാകും. കോട്ടയത്തേത് പോലെ കൊച്ചിയിലെ നിർദ്ദിഷ്ട വേദികളും ഗസ്റ്റ് ഹൗസും പോലീസ് നിരീക്ഷണത്തിലാണ്.