Spread the love

ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് രാജ്യത്തുടനീളമുള്ള 75,000 കേന്ദ്രങ്ങളിൽ ബിജെപി യോഗ പരിശീലനം നടത്തും. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി രാജ്യത്തെ 75,000 സ്ഥലങ്ങൾ യോഗ പരിശീലനത്തിനായി തിരഞ്ഞെടുത്തതായി പാർട്ടി വക്താവ് സുംധാംശു ത്രിവേദി പറഞ്ഞു. ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തുടനീളമുള്ള 75 ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ യോഗ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. 75 കേന്ദ്രങ്ങളിലായി 75 കേന്ദ്രമന്ത്രിമാരാണ് യോഗ ദിനാചരണത്തിൽ പങ്കെടുക്കുന്നത്.

മൈസൂരുവിൽ നടക്കുന്ന യോഗ ദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിലും ബിജെപി അധ്യക്ഷൻ ജെപി നദ്ദ നോയിഡയിലും കേന്ദ്ര നിയമമന്ത്രി കിര‍ൺ റിജിജു അരുണാചൽ പ്രദേശിലെ ഡോംഗിലും ഉണ്ടാകും. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി യോഗ പൊതുവേദിയിൽ നിർത്തിവെച്ചിരിക്കുകയായിരുന്നു. 2014 ഡിസംബറിൽ ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് പരിപാടി. ക്ഷേത്രത്തിലെ കിഴക്കേനട യോഗാദിനാഘോഷങ്ങൾക്കായി കേന്ദ്രസർക്കാർ പ്രത്യേകം തിരഞ്ഞെടുത്ത 75 സ്ഥലങ്ങളിൽ ഒന്നാണ്.

By newsten