Spread the love

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിന്റെ പശ്ചാത്തലത്തിൽ എസ്.എഫ്.ഐ നേതൃത്വത്തെ സി.പി.എം എ.കെ.ജി സെന്ററിലേക്ക് വിളിപ്പിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരെയാണ് സിപിഎം വിളിപ്പിച്ചത്. വയനാട്ടിലെ സംഭവത്തിൽ എസ്എഫ്ഐയോട് സിപിഎം വിശദീകരണം തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശനിയാഴ്ച രാവിലെ ഇരുനേതാക്കളെയും എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തിയത്.

അതേസമയം, വയനാട്ടിലെ അക്രമസംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു മാധ്യമങ്ങളോട് പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയല്ല പ്രവർത്തകർ മാർച്ച് നടത്തിയത്. ബഫർ സോൺ വിഷയത്തിൽ എസ്.എഫ്.ഐ ഇടപെടും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എംപിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ നിർദേശങ്ങളോ അനുവാദമോ ഇല്ലാതെ നടന്ന മാർച്ചായിരുന്നു അത്. ഇതിൻറെ ഭാഗമായി അനിഷ്ട സംഭവങ്ങളും അരങ്ങേറി. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചു. ഇന്നലെ എസ്.എഫ്.ഐ തന്നെ സാധ്യമായ രീതിയിൽ അപലപിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

By newsten