മുംബൈ: മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അതിന് പിന്നാലെ കേന്ദ്രം വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ശിവസേന പ്രവർത്തകരുടെ സുരക്ഷാ ഭീഷണിയെ തുടർന്ന് ഉദ്ധവ് താക്കറെ സർക്കാർ തങ്ങളുടെ സുരക്ഷ പിൻവലിച്ചതായി വിമത നേതാവ് ഏക്നാഥ് ഷിൻഡെ ആരോപിച്ചിരുന്നു. തുടർന്നാണ് 15 വിമത എംഎൽഎമാർക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
രാജിവെക്കാതെ വിശ്വാസ വോട്ടെടുപ്പുമായി മുന്നോട്ട് പോകാനാണ് ഉദ്ധവ് താക്കറെ സർക്കാരിന്റെ തീരുമാനം. ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 16 വിമത ശിവസേന എംഎൽഎമാർക്ക് അയോഗ്യരാക്കപ്പെടാതിരിക്കാൻ കാരണം ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചിരുന്നു. അതേസമയം വിമത എംഎൽഎമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ പിൻവലിച്ചന്ന ആരോപണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിഷേധിച്ചു.
ശിവസേന സ്ഥാപകനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ പിതാവ് ബാൽ താക്കറെയുടെ പേരു ഉപയോഗിക്കുന്നതിൽ നിന്ന് ഷിൻഡെ വിഭാഗത്തെ വിലക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചിരുന്നു. താൻ പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേനയുടെ (ബാലാസാഹേബ്) പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ പറഞ്ഞതിനു പിന്നാലെയാണ് ഇത്. താക്കറെയുടെ പേർ ഉപയോഗിക്കാൻ വിമതർക്ക് അവകാശമില്ലെന്ന് ഉദ്ധവ് തിരിച്ചടിച്ചു.