ക്വാലലംപുർ: തേജസ് യുദ്ധവിമാനം ഇന്ത്യയിൽ നിന്ന് വാങ്ങാൻ മലേഷ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പുതിയ വിമാനങ്ങൾ വാങ്ങുന്നതിൽ മലേഷ്യയുടെ പ്രഥമ പരിഗണന ഇന്ത്യയ്ക്കാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസാണ് വിൽപ്പനയ്ക്കൊരുങ്ങുന്നത്. മലേഷ്യയുടെ കൈവശമുള്ള റഷ്യൻ നിർമിത സുഖോയ് എസ് യു -30 യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും ഇന്ത്യ സന്നദ്ധത അറിയിച്ചതായാണ് വിവരം.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് തേജസ് നിർമ്മിച്ചത്. സുഖോയ്-30 വിമാനങ്ങളുടെ അറ്റകുറ്റപ്പണിയിൽ പരിചയസമ്പന്നരായ ഇന്ത്യ മലേഷ്യൻ വിമാനങ്ങളുടെയും അറ്റകുറ്റപ്പണികൾ നടത്താമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ കൂടിയാലോചനകൾ നടന്നു. മലേഷ്യ ആർക്കാണ് കരാർ നൽകുക എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനയും ദക്ഷിണ കൊറിയയും മലേഷ്യയ്ക്ക് വിമാനം വിൽക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മലേഷ്യയിൽ 18 സുഖോയ്-30 എംകെഎം യുദ്ധവിമാനങ്ങളുണ്ട്. ഇന്ത്യയുടെ കൈവശമുള്ള സുഖോയ് എംകെഐ വിമാനത്തിന്റെ മറ്റൊരു വകഭേദമാണ് അത്. അതിനാൽ വർഷങ്ങളായി ഇവ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം കരാറിൽ ഇന്ത്യയ്ക്ക് ഒരു മുതൽക്കൂട്ടാകും.