Spread the love

പട്ന: ബീഹാറിലെ അഗ്നിപഥ് പ്രതിഷേധത്തിനിടെ ട്രെയിൻ യാത്രക്കാരൻ മരിച്ചു. ലഖിസരായിൽ തകര്‍ത്ത ട്രെയിനിലെ യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തെലങ്കാനയിലെ സെക്കന്ദരാബാദിൽ ട്രെയിൻ കത്തിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരിൽ ഒരാൾ മരിച്ചിരുന്നു.

340 ലധികം ട്രെയിനുകളെയാണ് വെള്ളിയാഴ്ച വൈകുന്നേരം പ്രതിഷേധം ബാധിച്ചത്. 200ലധികം ട്രെയിനുകൾ റദ്ദാക്കി. ബിഹാറിലാണ് പ്രതിഷേധക്കാർ ഏറ്റവും കൂടുതൽ ദുരിതം വിതച്ചത്. പട്ന, അറാ, ലഖിസരായ്, സസാറാം, വൈശാലി, മുംഗർ, സമസ്തിപുർ, നളന്ദ, അർവാൾ, ജെഹാനാബാദ്, സുപൗൾ, ബെട്ടിയ, മാധേപുര ജില്ലകളിലെ 10 ട്രെയിനുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു.

അതേസമയം, ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്ന് ബീഹാറിൽ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആർജെഡി ഉൾപ്പെടെയുള്ള പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ പടരുന്നത് തടയാൻ വിവിധ സ്ഥലങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ തുടരുകയാണ്.

By newsten