Spread the love

ബെംഗളൂരു: കർണാടകയിൽ നമ്പർ പ്ലേറ്റുകളിൽ പെയിൻറിംഗുകൾ നടത്തുകയോ സംഘടനകളുടെ പേരുകൾ എഴുതുകയോ ചെയ്യുന്നവർ ഇനി പിടിക്കപ്പെടും. ഇത്തരം നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനമായി. അനധികൃത നമ്പർ പ്ലേറ്റുകൾ ജൂൺ 10നകം നീക്കം ചെയ്യണമെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം.

നേരത്തെ നമ്പർ പ്ലേറ്റുകളിൽ പെയിൻറിംഗുകളും എഴുത്തുകളും ഉൾപ്പെടുത്തുന്നതിൻ നിരോധനമുണ്ടായിരുന്നെങ്കിലും ഇത്തരം നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കർണാടക ഹൈക്കോടതി ട്രാഫിക് പോലീസിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

അനധികൃത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ പിടിക്കുമ്പോൾ ആദ്യമായി 500 രൂപ പിഴ ഈടാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. രണ്ടാം തവണയും 1,000 രൂപയാണ് പിഴ. നിയമലംഘനം ഇനിയും തുടർന്നാൽ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കും. പത്താം തീയതിക്ക് ശേഷം നഗരത്തിലുടനീളം പരിശോധന നടത്താനാണ് അധികൃതരുടെ ലക്ഷ്യം.

By newsten