കൊച്ചി: എൻഎസ്എസ് വളണ്ടിയർമാർക്ക് പ്ലസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. പാലക്കാട് വല്ലപ്പുഴ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്. 2018-19 അധ്യയന വർഷം വരെ എൻഎൻഎസ് സേവനങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽ ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല.
കൊവിഡിനെ തുടർന്ന് സ്കൂളുകൾ ഓൺലൈൻ മോഡിലേക്ക് മാറിയതോടെ എൻഎസ്എസ് പ്രവർത്തനങ്ങൾ നിർത്തിവെച്ചതിന്റെ പേരിലാണ് ഗ്രേസ് മാർക്കിനുള്ള അനുമതി നിഷേധിച്ചത്. എന്നാൽ കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂളുകൾ തുറക്കുകയും എൻഎസ്എസ് പരിപാടികൾ വിപുലമായി നടത്തുകയും ചെയ്തിരുന്നു. അതിനാൽ, ഗ്രേസ് മാർക്കിനു അർഹതയുണ്ടെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. ഹർജിക്കാരുടെ വാദം കേട്ട കോടതി സർക്കാരിന്റെ പ്രതികരണത്തിനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ആദിൽ പി, ഷബീർ അലി മുഹമ്മദ് എന്നിവർ ഹാജരായി.