Spread the love

ടോക്യോ: ഉത്തരകൊറിയ ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ ആണ് വിക്ഷേപിച്ചത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിൽ പതിച്ചെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു. പലരെയും ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി.

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ ജപ്പാൻ അപലപിച്ചു. മിസൈൽ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയയും ആരോപിച്ചു. ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരകൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക്-യോൾ മുന്നറിയിപ്പ് നൽകി. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം ഐക്യരാഷ്ട്രസഭയുടെ മുഴുവൻ തത്വങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യരാഷ്ട്രമാ‌യ അമേരിക്കയുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടതായും അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു.

ഒക്ടോബർ 16ന് നടക്കാനിരിക്കുന്ന ചൈനീസ് പാർട്ടി കോൺഗ്രസിന് അടുത്ത ദിവസങ്ങളിൽ പ്രകോപനമുണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ജപ്പാൻ കോസ്റ്റ് ഗാർഡും സ്ഥിരീകരിച്ചു. കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയും സംയുക്ത സൈനികാഭ്യാസം ശക്തമാക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ദക്ഷിണ കൊറിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ വെള്ളിയാഴ്ച കടലിൽ അന്തർവാഹിനി അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് കഴിഞ്ഞയാഴ്ച സിയോളിലെത്തിയിരുന്നു. 

By newsten