ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ ബുൾഡോസറുകൾ ഉപയോഗിച്ച് നിർമ്മാണങ്ങൾ പൊളിക്കുന്നത് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, സ്റ്റേ ഓർഡർ പുറപ്പെടുവിച്ചാൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് നടപടിയെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
അനധികൃത നിർമ്മാണങ്ങൾ പൊളിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന കാര്യത്തിൽ തർക്കമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. അതേസമയം, അനധികൃത നിർമ്മാണങ്ങൾക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുന്നതിൽ നിന്ന് മുനിസിപ്പാലിറ്റികളെ തടയാനാവില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് പറഞ്ഞു. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മതനിന്ദയ്ക്കെതിരായ പ്രതിഷേധത്തിനിടെ അക്രമവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുടെ കെട്ടിടങ്ങൾ പൊളിക്കാനുള്ള യു.പി സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് ജംഇയത്തുല്‍ ഉലമ ഹിന്ദ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഉത്തർപ്രദേശിന് പുറമെ മറ്റ് പല സംസ്ഥാനങ്ങളിലും ബുൾഡോസർ ഉപയോഗിച്ച് ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട കെട്ടിടങ്ങൾ പൊളിക്കുകയാണെന്ന് ജംഇയത്തുല്‍ ഉലമ ഹിന്ദിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസുകളിൽ പ്രതികളായവരുടെ കെട്ടിടങ്ങൾ പൊളിക്കുന്നത് സ്വീകാര്യമല്ല. ഇത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ വാദിച്ചു.