ഇടുക്കി: ദേവികുളം സബ് കളക്ടറുടെ വീട് ഒഴിയണമെന്ന നോട്ടീസിന് മറുപടിയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. രാജേന്ദ്രനെ മാത്രമല്ല ആരെയും മൂന്നാറിൽ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെയാണ് കുടിയൊഴിപ്പിക്കാൻ നോക്കുന്നത്. സി.പി.എം ഇത് അനുവദിക്കില്ല. എസ് രാജേന്ദ്രന്റെ പ്രസ്താവനകൾ മാധ്യമങ്ങളിൽ വാർത്തയാകാൻ ഉദ്ദേശിച്ചുള്ളതാണ്. രാജേന്ദ്രന്റെ പരാമർശങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത സി.പി.എമ്മിനില്ലെന്നും സി.വി വർഗീസ് പറഞ്ഞു.
ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ മുൻ എം.എൽ.എ എസ്.രാജേന്ദ്രനോട് ഒരാഴ്ചയ്ക്കകം വീടും സ്ഥലവും ഒഴിയാൻ ആവശ്യപ്പെട്ടു. തൽക്കാലം കുടിയൊഴിപ്പിക്കരുതെന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാൽ ഉടനടി നടപടി ഉണ്ടാകില്ലെന്നും ദേവികുളം തഹസിൽദാർ വ്യക്തമാക്കി. വിഷയത്തിൽ കോടതിയെ സമീപിച്ചതായി വ്യക്തമാക്കിയ എസ് രാജേന്ദ്രൻ വീട് ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ്. 10 സെന്റിൽ താഴെ ഭൂമിയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ നടപടി നേരെ വിപരീതമാണ്.
ഇത് രാഷ്ട്രീയ പകപോക്കലാണോ അല്ലയോ എന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല എന്ന് രാജേന്ദ്രൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് സി.പി.എം ജില്ലാ സെക്രട്ടറി വിഷയത്തിൽ നിലപാട് അറിയിച്ചത്. രാജേന്ദ്രന്റെ അയൽവാസികൾ ഉൾപ്പെടെ പ്രദേശത്തെ 30 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും എന്നാൽ വീട് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് തനിക്ക് മാത്രമാണെന്നും രാജേന്ദ്രൻ പറഞ്ഞു.