ഏഴിക്കര: നിയമഭേദഗതികൾ വരുന്നതോടെ സഹകരണമേഖലയിലെ ക്രമക്കേടുകൾ തടയാനാകുമെന്ന് മന്ത്രി വി.എൻ വാസവൻ. പള്ളിയാക്കൽ സഹകരണ ബാങ്കിന്‍റെ പൊക്കാളി റൈസ് മിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ഈ മേഖലയെ ആക്രമിക്കുകയാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകർക്കാനാവില്ല. സി ഡിറ്റിന്റെ സഹായത്തോടെ കോ–ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേറ്റീവ് സിസ്റ്റം നടപ്പാക്കി.
സഹകരണ സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വെബ് സൈറ്റ് വഴി ലഭിക്കും. കേരളത്തിലെ എല്ലാ സംഘങ്ങളെയും ബന്ധിപ്പിച്ച് ഐടി ഇന്‍റഗ്രേഷൻ കരാറിനായി ചർച്ചകൾ നടക്കുകയാണ്. നബാർഡിന്‍റെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സംഘങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി 2,250 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു ശതമാനം പലിശയ്ക്ക് എടുക്കുന്ന തുക 7 വർഷത്തിന് ശേഷം തിരിച്ചടയ്ക്കണം. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
മുൻ മന്ത്രി എസ്.ശർമ്മ അധ്യക്ഷത വഹിച്ചു. ജോയിന്‍റ് രജിസ്ട്രാർ ജനറൽ സജീവ് കർത്ത, അഡീഷണൽ രജിസ്ട്രാർ ജ്യോതി പ്രസാദ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിംന സന്തോഷ്, പഞ്ചായത്ത് പ്രസിഡന്‍റ് കെ ഡി വിൻസെന്‍റ്, പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി പി അജിത് കുമാർ, കൃഷി ഓഫീസർ സരിത മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ജെൻസി തോമസ്, നബാർഡ് ഡിഡിഎം അജീഷ് ബാലു, ആർ ആർ എഫ് വൈറ്റില സയന്‍റിസ്റ്റ് ഡോ ശ്രീലത, ബാങ്ക് പ്രസിഡന്റ് എം.എസ്.ജയചന്ദ്രൻ, സെക്രട്ടറി വി.വി.സനിൽ, മുൻ സെക്രട്ടറി എം.പി.വിജയൻ എന്നിവർ പ്രസംഗിച്ചു.