കൊല്ലം: ഉദ്യോഗസ്ഥർ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോർട്ട് സമർപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിശോധന നടത്താൻ ഉദ്യോഗസ്ഥർ ഫീൽഡിലേക്ക് ഇറങ്ങണം. പുതിയ റോഡ് നിർമ്മാണത്തിന് ശേഷം കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിക്കുന്ന സംഭവങ്ങൾ അവസാനിപ്പിക്കാൻ ജലവിഭവ മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
കുണ്ടറ-കൊട്ടിയം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികൾ വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കൊല്ലത്തെത്തി. ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയുടെ മെല്ലെപ്പോക്കിലുള്ള അതൃപ്തി മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. ജനങ്ങൾക്ക് ഗുണകരമായ പദ്ധതികൾ ഒച്ചിന്റെ വേഗതയിൽ ആകരുതെന്നും മന്ത്രി നിർദ്ദേശിച്ചു.
കുടിവെള്ള പദ്ധതികൾക്കായി പുതിയ റോഡുകൾ പൊളിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ജലവിഭവ മന്ത്രിയുമായി ചർച്ച തുടരും. നൻകടവ് കുടിവെള്ള പദ്ധതിക്കായി കുഴിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും. കുണ്ടറയിൽ തകർന്ന റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം എംഎൽഎ പിസി വിഷ്ണുനാഥുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. 16 കോടി രൂപ ചെലവഴിച്ചാണ് കുണ്ടറ-കൊട്ടിയം റോഡ് നിർമ്മിക്കുന്നത്.