Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേന സുരക്ഷ ഒരുക്കേണ്ട ആവശ്യമില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ക്രമസമാധാനപാലനത്തിന് കേരള പൊലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും നിർമ്മാണ കമ്പനിയാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതിൽ തെറ്റില്ല. പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് വിഡ്ഢിത്തമാണെന്നും മന്ത്രി ആരോപിച്ചു.

വിഴിഞ്ഞം തുറമുഖ മേഖലയിൽ സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയോട് ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരല്ല, അദാനി ഗ്രൂപ്പാണെന്ന് മന്ത്രി ആന്‍റണി രാജുവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിഴിഞ്ഞം തുറമുഖ മേഖലയിൽ സുരക്ഷ ഒരുക്കാൻ കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സേനയുടെ സഹായം തേടാൻ സർക്കാർ എന്തുകൊണ്ട് വിമുഖത കാണിക്കുന്നു എന്ന അദാനി ഗ്രൂപ്പിന്‍റെ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ നിലപാട് അറിയിച്ചത്. വിഷയത്തിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. കേന്ദ്ര സേനയെ നിയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് തീരുമാനം അറിയിക്കാൻ ജസ്റ്റിസ് അനു ശിവരാമൻ നിർദേശിക്കുകയും ചെയ്തിരുന്നു.

By newsten