തിരുവനന്തപുരം: സജി ചെറിയാനെതിരെ നിലവിൽ കേസില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ധാർമികതയുടെ പേരിലാണ് അദ്ദേഹം രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്‍ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണറുടെ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പ്രതിപക്ഷം സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. “യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണ്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മറ്റ് യു.ഡി.എഫ് പാർട്ടികളുടെ വഴിയിലേയ്ക്ക് കോൺഗ്രസിന് വരേണ്ടി വന്നു. വിഴിഞ്ഞം വിഷയത്തിൽ എൽ.ഡി.എഫ് തുടക്കം മുതൽ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുകയായിരുന്നു യു.ഡി.എഫ്. എന്നാൽ അവിടെയും അവർക്ക് തിരിച്ചടിയുണ്ടായി,” അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളിലും കേന്ദ്രസർക്കാരിന്റെ നിലപാട് സംസ്ഥാനത്തിന് എതിരാണ്. സാമ്പത്തിക മേഖലയിൽ കേന്ദ്രസർക്കാർ ദോഷകരമായ ഇടപെടലാണ് നടത്തുന്നത്. എന്നാൽ യു.ഡി.എഫ് എം.പിമാർ കേരളത്തിന് വേണ്ടിയല്ല സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.