ന്യൂ ഡൽഹി: നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന്‍ എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരെയാണ് അപ്പീൽ. പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളും സാഹചര്യത്തെളിവുകളും ഹൈക്കോടതി ശരിയായി വിലയിരുത്തിയില്ലെന്ന് സംസ്ഥാനം സമർപ്പിച്ച ഹർജിയിൽ പറയുന്നു.
രണ്ടാം പ്രതിയുടെ വീട്ടിൽ നിന്ന് രാധയുടെ ആഭരണങ്ങൾ കണ്ടെത്തിയതുൾപ്പെടെയുള്ള വസ്തുതകൾ ഹൈക്കോടതി കണക്കിലെടുത്തില്ല. ഒന്നാം പ്രതി ബിജുവിൻ്റെ വഴിവിട്ട ബന്ധങ്ങൾ പുറത്ത് വരാതെയിരിക്കാനാണ് രാധയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്നും അപ്പീലിൽ പറയുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയത്. 2014 ഫെബ്രുവരി അഞ്ചിന് കാണാതായ രാധയുടെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷമാണ് ചുള്ളിയോട് ഒരു കുളത്തിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ബിജു നായരെയും സുഹൃത്ത് ഷംസുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യബന്ധം വെളിപ്പെടുത്തുമെന്ന രാധയുടെ ഭീഷണിയെ ഭയന്ന ബിജു സുഹൃത്ത് ഷംസുദ്ദീന്‍റെ സഹായത്തോടെ രാധയെ കൊലപ്പെടുത്തി കുളത്തിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.