തിരുവനന്തപുരം: പീച്ചി വന്യജീവി സങ്കേതത്തിൽ ഒരു പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തി. പീച്ചി ഡിവിഷനിൽ നവംബർ 25 മുതൽ 28 വരെ നടത്തിയ ചിത്രശലഭ-തുമ്പി പഠനത്തിലാണ് ഇതിനെ കണ്ടെത്തിയത്. നിഴല്‍ത്തുമ്പികളുടെ വിഭാഗത്തിൽ പെടുന്ന ഇതിന് പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക(ആനമല നിഴൽത്തുമ്പി) എന്ന് പേര് നൽകി. വന്യജീവി സങ്കേതത്തിൽ സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
തിരുവനന്തപുരം ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടി.എൻ.എച്ച്.എസ്) തുമ്പി ഗവേഷണ വിഭാഗത്തിലെ കലേഷ് സദാശിവൻ, വിനയൻ പി.നായർ, എബ്രഹാം സാമുവൽ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. വിശദമായ പഠനം ജൂലൈ 26 ലെ ജേണൽ ഓഫ് ത്രെറ്റന്‍ഡ് ടാക്‌സയുടെ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പശ്ചിമഘട്ടത്തിലെയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന സംസ്ഥാനങ്ങളിലെ താഴ്ന്ന വെളിച്ചമുള്ള വന അരുവികളിലും ഇരുണ്ട പ്രദേശങ്ങളിലും മറഞ്ഞിരിക്കുന്ന സ്പീഷീസുകളാണ് ഇവ. ഇന്ത്യയിൽ കാണപ്പെടുന്ന 15 ഇനം പ്രോട്ടോസ്റ്റിക്കാ സൂചിത്തുമ്പികളില്‍ 12 സ്പീഷീസുകളും പശ്ചിമഘട്ടത്തിലാണ് കാണപ്പെടുന്നത്. ഇതിൽ 11 എണ്ണം കേരളത്തിൽ കാണാം. ഇതോടെ പശ്ചിമഘട്ടത്തിൽ 13 ഇനവും കേരളത്തിൽ 12 ഇനം സൂചിത്തുമ്പികളും ഉണ്ടാകും.