മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിക്കും. ബിജെപിയുടെ പിന്തുണയോടെയാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. എൻഡിഎ ഘടകകക്ഷിയാകും. ഇതിനുള്ള നീക്കങ്ങൾ ഡൽഹിയിൽ ആരംഭിച്ചുകഴിഞ്ഞു. ഏക്നാഥ് ഷിൻഡെയും ബിജെപി ദേശീയ നേതൃത്വവുമായി ധാരണയിലെത്തിയതായാണ് സൂചന. പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിച്ച് സ്പീക്കർക്ക് ഉടൻ കത്ത് അയയ്ക്കും.
നിയമസഭ പിരിച്ചുവിടാനുള്ള നീക്കം തടയാനാണ് പുതിയ പാർട്ടി രൂപീകരണത്തോടെയുള്ള പദ്ധതി. ഒരുപക്ഷേ നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനത്തിന് സാധ്യതയുണ്ട്. മന്ത്രിസഭാ യോഗം അൽപസമയത്തിനകം ചേരുമ്പോൾ എന്ത് തീരുമാനമെടുക്കുമെന്നത് നിർണായകമാണ്.
താനെയിലെ ശിവസേനയുടെ പ്രമുഖ നേതാക്കളിൽ ഒരാളാണ് ഏക്നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേന കെട്ടിപ്പടുക്കുന്നതിലും ഷിൻഡെ പ്രധാന പങ്കുവഹിച്ചു. ശിവസേനയുടെ ഏറ്റവും ജനപ്രിയ നേതാക്കളിൽ ഒരാളായ ഷിൻഡെ 2014 ൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. ബിജെപിയുമായി വേർപിരിഞ്ഞ ശേഷം പ്രതിപക്ഷ നേതൃസ്ഥാനം ഷിൻഡെയെയാണ് പാർട്ടി ഏൽപ്പിച്ചത്. പിന്നീട്, എൻസിപി-കോൺഗ്രസ്-മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം സർക്കാർ രൂപീകരിച്ചപ്പോൾ, ഷിൻഡെയ്ക്ക് നഗരവികസനം, പൊതുമരാമത്ത് വകുപ്പുകൾ നൽകി.