ന്യൂഡൽഹി: വിമാനത്തിൽ കുഴഞ്ഞുവീണ സൈനികന് പുതുജീവൻ നൽകി മലയാളി നഴ്സ്. 2020 ലെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരത്തിനർഹയായ പി.ഗീതയാണ് ബോധരഹിതനായ സൈനികന് വേണ്ട ശുശ്രൂഷകൾ നൽകാൻ ഡോക്ടർമാരോടൊപ്പം പ്രവർത്തിച്ചത്. ഡൽഹിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം.
വിമാനം പറന്നുയർന്ന് 45 മിനിറ്റിന് ശേഷം ജമ്മുവിൽ സൈനികനായ സുമൻ (32) കുഴഞ്ഞുവീഴുകയായിരുന്നു. യാത്രക്കാരിലൊരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഗീതയും രണ്ട് ഡോക്ടർമാരും സമയം പാഴാക്കാതെ പ്രഥമ ചികിത്സ നൽകി. ഡൽഹി വിമാനത്താവളത്തിലെത്തിയ ശേഷം സൈനികനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശിയായ ഗീത, കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സിംഗ് സൂപ്രണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ജേതാക്കൾക്കൊപ്പം രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഗീതക്കും ക്ഷണം ലഭിച്ചിരുന്നു.