തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കാൻ സമിതിയെ വീണ്ടും നിയമിച്ചു. റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സമിതിയോട് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. മൂന്ന് കമ്മിറ്റികൾ പരിഷ്കരണങ്ങളെക്കുറിച്ച് പഠനം നടത്തുകയും ശുപാർശകൾ നൽകുകയും ചെയ്തിരുന്നു.
ഭരണപരിഷ്കാര കമ്മിഷൻ റിപ്പോർട്ട്, ഉദ്യോഗസ്ഥ പരിഷ്കാര കമ്മിഷൻ റിപ്പോർട്ട്, ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് എന്നിവ സർക്കാരിന്റെ പക്കലുണ്ട്. നേരത്തെ ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിലെ സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഇതേതുടർന്ന് മൂന്ന് റിപ്പോർട്ടുകളും പഠിക്കാൻ വീണ്ടും സമിതിയെ നിയോഗിക്കുകയും സെക്രട്ടേറിയറ്റിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.