അരീക്കോട്: ആറ് വ്യത്യസ്ത വിഷയങ്ങളിൽ നെറ്റ് യോഗ്യത. രണ്ട് വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള യോഗ്യത. മലപ്പുറം അരീക്കോട് സ്വദേശിയായ അനീസ് പൂവത്തിയാണ് ദേശീയ തലത്തിൽ ഇത്തരമൊരു അപൂർവ്വ നേട്ടം കൈവരിച്ചത്.
നേരത്തെ ടൂറിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയൻ, കൊമേഴ്സ് എന്നിവയിൽ നെറ്റ് യോഗ്യത നേടിയ അനീസ് ഈ വർഷത്തെ പരീക്ഷയിൽ മാനേജ്മെന്‍റ് വിഷയത്തിൽ നെറ്റ് നേടി. അനീസിന് സൈക്കോളജിയിലും കൊമേഴ്സിലും ജെആർഎഫ് യോഗ്യതയും ഉണ്ട്.
കുഴിമണ്ണ പഞ്ചായത്തിൽ ക്ലർക്കായിരുന്ന അനീസ് പഠനത്തോടും മത്സരപരീക്ഷയോടുമുള്ള അഭിനിവേശം വർദ്ധിച്ചതോടെ സർക്കാർ ജോലി ഉപേക്ഷിച്ച് നെറ്റ് ട്രെയിനിംഗിലേക്ക് പ്രവേശിച്ചു. വിവിധ വിഷയങ്ങളിൽ നെറ്റ് യോഗ്യത നേടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനൊപ്പം, അനീസ് വ്യത്യസ്ത വിഷയങ്ങൾ പഠിക്കാനും പരീക്ഷകൾ എഴുതാനും തുടങ്ങി.