Spread the love

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്‍റിലേയ്ക്കും പ്രവിശ്യകളിലേക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഞായറാഴ്ച 61 % പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. പല പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. 22,000 പോളിംഗ് സ്റ്റേഷനുകളിൽ പ്രാദേശിക സമയം രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. പോളിംഗ് ശതമാനം പ്രതീക്ഷിച്ചതിലും കുറവാണെന്നും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിശദാംശങ്ങൾ ലഭിക്കുമ്പോൾ വോട്ടിംഗ് ശതമാനം ഉയരാൻ സാധ്യതയുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ദിനേശ് കുമാർ തപാലിയ മാധ്യമങ്ങളോട് പറഞ്ഞു.

ബജുറയിലെ ട്രിബെനി മുനിസിപ്പാലിറ്റിയിലെ നടേശ്വരി ബേസിക് സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ ഉണ്ടായ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം 2 പാർട്ടികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് 24കാരൻ വെടിയേറ്റ് മരിച്ചത്. കൈലാലി ജില്ലയിലെ ധംഗധി സബ് മെട്രോപൊളിറ്റൻ സിറ്റിയിലെ ശാരദ സെക്കൻഡറി സ്കൂൾ പോളിംഗ് സ്റ്റേഷന് സമീപം ചെറിയ സ്ഫോടനം നടന്നു. എന്നാൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം നിർത്തിവച്ച വോട്ടിംഗ് പിന്നീട് പുനരാരംഭിച്ചു. ധംഗധി, ഗൂർഖ, ദോലാഖ ജില്ലകളിലെ 11 പ്രദേശങ്ങളിൽ നേരിയ സംഘർഷം റിപ്പോർട്ട് ചെയ്തു.  എന്നാൽ ഇത് വോട്ടെടുപ്പിനെ ബാധിച്ചില്ലെന്നാണ് റിപ്പോർട്ട്. 

2013 ൽ 77 ശതമാനവും 2017 ൽ 78 ശതമാനവും വോട്ടിംഗ് ശതമാനം ഉണ്ടായിരുന്ന സ്ഥാനത്ത് 2022 ൽ ഇത് 61 ശതമാനമായി. 275 അംഗ ജനപ്രതിനിധി സഭയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കും 17.9 ദശലക്ഷത്തിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ചില ചെറിയ സംഭവങ്ങൾ ഒഴികെ തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്നും എന്നാൽ സംഘർഷത്തെ തുടർന്ന് നാല് ജില്ലകളിലെ 15 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നുവെന്നും തപാലിയ പറഞ്ഞു. തിരഞ്ഞെടുപ്പ് മാറ്റിവച്ച പ്രദേശങ്ങളിൽ രണ്ട് ദിവസത്തിനകം വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കാഠ്മണ്ഡു താഴ്‌വരയിലെ മൂന്ന് ജില്ലകളിലെ വോട്ടെണ്ണൽ ഇന്ന് രാത്രി തന്നെ ആരംഭിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ വോട്ടെണ്ണൽ അവസാനിക്കുമെന്നും ദിനേശ് കുമാർ തപാലിയ പറഞ്ഞു.
 

By newsten