Spread the love

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ പൊലീസ് അന്വേഷണം സ്വകാര്യ ഏജൻസിയിലേക്ക് വ്യാപിപ്പിക്കും. തിരുവനന്തപുരത്തെ സ്റ്റാർ സെക്യൂരിറ്റീസ് കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സ്റ്റാർ സെക്യൂരിറ്റിയും തമ്മിലുള്ള കരാർ എങ്ങനെയാണ് വിവിധ ഉപകരാറുകളായിയെന്ന് പൊലീസ് പരിശോധിക്കും. സ്റ്റാർ സെക്യൂരിറ്റി ഏറ്റെടുത്ത കരാർ കരുനാഗപ്പള്ളിയിലെ വിമുക്തഭടൻ വഴിയാണ് മഞ്ഞപ്പാറ സ്വദേശി ജോബിയിലെത്തിയത്. കേസിൽ അറസ്റ്റിലായ ഏഴ് പ്രതികൾക്കും കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് അന്വേഷണത്തിൽ തിരിച്ചടിയാകില്ലെന്നാണ് പൊലീസ് പറയുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും ഉടൻ കൊല്ലത്ത് എത്തും. കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് മാറ്റിയാണ് പരീക്ഷ എഴുതിച്ചത്. ഇതേ തുടർന്ന് വിദ്യാർത്ഥികൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കത്തിനെതിരെ നിരവധി പേർ രംഗത്തെത്തിയത്. മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു.

By newsten