നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ജൂലൈ അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. തീയതി നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം ഇഡിക്ക് കത്തയച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്ന് സോണിയ ഗാന്ധി കത്തിൽ പറയുന്നു. കോവിഡ് മുക്തി നേടി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന സോണിയ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പാണ് സോണിയ ഗാന്ധി ആശുപത്രി വിട്ടത്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് അഞ്ച് ദിവസത്തിനിടെ 54 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമയായ അസോസിയേറ്റഡ് ജേണൽസും രാഹുൽ ഡയറക്ടറായ യംഗ് ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും കൊൽക്കത്ത ആസ്ഥാനമായുള്ള ഡോട്ടെക്സ് മെർചൻഡൈസ് എന്ന കമ്പനിയുമായുള്ള യംഗ് ഇന്ത്യ ലിമിറ്റഡിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഹുലിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ രാഹുൽ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.