ബി.ജെ.പി നേതാവ് നൂപുർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിച്ച രാജ്യങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നൂപുരിന്റെ പ്രസ്താവന ഇന്ത്യയുടെ നിലപാടിന് എതിരാണെന്നും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുക എന്നതാണ് ഇന്ത്യയുടെ സമീപനമെന്നും പ്രസ്താവനയിൽ പറയുന്നു.
വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകൾ രാജ്യത്തിന്റെ നിലപാടായി കാണരുത്. മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ഇന്ത്യ അറിയിച്ചു. നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ ബിജെപി വക്താക്കൾക്ക് കർശന നിയന്ത്രണം നൽകുകയാണ്. പാർട്ടി നിലപാടിനപ്പുറം സ്വയം വിശദീകരിക്കരുതെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വക്താക്കൾ മിതവാദികളായിരിക്കണമെന്നും മാന്യമായി പെരുമാറണമെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞു. പാർട്ടി നിർദ്ദേശിക്കുന്ന വിഷയത്തിൽ മാത്രം ഇടപെടുകയോ പ്രതികരിക്കുകയോ ചെയ്താൽ മതിയാകും. മാർഗനിർദേശങ്ങൾ ലംഘിച്ചാൽ വക്താക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.