Spread the love

അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ധാരണ. എന്നാൽ, ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് ഭാര്യ രഞ്ജന രാംതെക്, കാമുകന്‍ മുകേഷ് ത്രിവേദിയെ ഫോണിൽ വിളിച്ച് പറയുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

സംഭവത്തിൽ രഞ്ജനയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഭർത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ബന്ധുക്കളെ വിളിച്ച് ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്ന് അറിയിച്ചു. പിന്നാലെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

‘ഞാൻ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാൾക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും’, കൊലപാതകത്തിന് തൊട്ടുപിന്നാലെ രഞ്ജന, കാമുകൻ മുകേഷിനെ ഫോണിൽ വിളിച്ച് അറിയിച്ചു.

മൂന്ന് മാസത്തിന് ശേഷം മകൾ ശ്വേത അമ്മയെ കാണാനെത്തി. ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ വാങ്ങിയപ്പോഴാണ് ശബ്ദരേഖ കണ്ടെടുത്തത്. പിന്നാലെ, ശബ്ദരേഖയുമായി ശ്വേത പൊലീസ് സ്‌റ്റേഷനിലെത്തി. ശബ്ദരേഖ കേട്ട പൊലീസ്, രഞ്ജനയെയും മുകേഷിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

By newsten