കൊല്ലം: ഉൾക്കാടുകളിൽ മാത്രം കാണപ്പെടുന്ന മുട്ടിപ്പഴം വീട്ടുമുറ്റത്ത് വിളവെടുത്തതിന്റെ സന്തോഷത്തിലാണ് അധ്യാപക ദമ്പതികളായ കർഷകർ. കൊല്ലം കുന്നിക്കോട് കോട്ടവട്ടത്ത് സുരേഷ് ഭവനില്‍ രാജേഷിന്റെ വീട്ടുമുറ്റത്താണ് മുട്ടിപ്പഴം ദൃശ്യവിരുന്ന് ഒരുക്കുന്നത്.
രക്ത വര്‍ണ്ണത്തില്‍ വീട്ടുമുറ്റത്തെ മരത്തിൽ കുലച്ച് നിൽക്കുന്ന മുട്ടിപ്പഴം കൗതുക കാഴ്ചയാകുകയാണ്.
ഉൾക്കാടുകളിലെ തണുത്ത പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന മുട്ടിപ്പഴം വിളവെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കർഷകൻ കൂടിയായ രാജേഷ് എന്ന അധ്യാപകൻ. 22 വർഷം മുൻപാണ് രാജേഷ് വീട്ടുമുറ്റത്ത് മുട്ടിമരത്തിന്റെ തൈ നട്ടത്. ഫലങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ അത് നിലനിർത്തി. ഇതിന്റെ വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് രാജേഷും കുടുംബവും.