ഹൈദരാബാദ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ‘ജനസംഖ്യാ അസന്തുലിതാവസ്ഥ’ പരാമര്‍ശത്തെ വിമർശിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. രാജ്യത്ത് ഏറ്റവും കൂടുതൽ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്ത് ഒരു നിയമത്തിന്റെയും ആവശ്യമില്ലെന്ന് അവരുടെ സ്വന്തം ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു. “ഏറ്റവും കൂടുതൽ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണ്. മൊത്തത്തിലുള്ള പ്രത്യുൽപാദന നിരക്ക് ഇപ്പോൾ 2.3 ആണ്, 2016ൽ ഇത് 2.6 ആയിരുന്നു. രാജ്യത്തെ ജനസംഖ്യാ കണക്കുകൾ മറ്റെല്ലാ രാജ്യങ്ങളെക്കാളും മികച്ചതാണ്,” ഒവൈസി പറഞ്ഞു. 2023 ഓടെ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് യുഎൻ റിപ്പോർട്ട് ചെയ്തതിൻ ഒരു ദിവസത്തിന് ശേഷം, ജനസംഖ്യാ നിയന്ത്രണ പരിപാടി വിജയകരമായി മുന്നോട്ട് പോകണമെന്നും അതേസമയം ജനസംഖ്യാ അസന്തുലിതാവസ്ഥ ഉണ്ടാകരുതെന്നുമായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.