Spread the love

കോഴിക്കോട്: മഹല്ല് ഗ്രൂപ്പിൽ അംഗമായതിന്‍റെ പേരിൽ മുസ്ലീങ്ങളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി അപലപനീയമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. പലയിടത്തും സർക്കാർ സർവീസിലെ ഉദ്യോഗസ്ഥർ മുസ്ലീങ്ങളായതിന്‍റെ പേരിൽ കടുത്ത വിവേചനം നേരിടുന്നു. ഇത്തരം നീക്കങ്ങൾ അടുത്ത കാലത്തായി പോലീസ് സേനയിൽ വ്യാപകമായിട്ടുണ്ട്. കേസ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കുകയും അവരുടെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനുള്ള ആസൂത്രിത നീക്കമാണിത്. മുസ്ലിം ഉദ്യോഗസ്ഥരെ വേട്ടയാടുന്ന ഇത്തരം സമീപനം ആഭ്യന്തര വകുപ്പ് അവസാനിപ്പിക്കണമെന്നും അബ്ദുൾ സത്താർ പറഞ്ഞു.

പോലീസ് സ്റ്റേഷനുകളിൽ പൂജകൾ നടത്താനും മറ്റ് മതാചാരങ്ങൾക്കനുസൃതമായി ഡ്യൂട്ടി ഏറ്റെടുക്കാനും അനുവദിക്കുന്ന ആഭ്യന്തര വകുപ്പ് മുസ്ലിം പോലീസുകാർ നാട്ടിലെ മഹല്ല് കൂട്ടായ്മകളിലും പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും അംഗമാവുന്നത് അപരാധമായി കാണുന്നതിന്റെ കാരണം ദുരൂഹമാണ്. ശബരിമലയുടെ പേരിൽ കലാപത്തിന് ആഹ്വാനം ചെയ്ത ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരിക്ക് പ്രസംഗിക്കാൻ മൈക്ക് നൽകിയത് പൊലീസാണെന്ന് അബ്ദുൾ സത്താർ ചൂണ്ടിക്കാട്ടി.

ആലുവ പൊലീസ് സ്റ്റേഷനിൽ രക്ഷാബന്ധൻ ചടങ്ങ് നടന്നപ്പോഴും ആഭ്യന്തര വകുപ്പ് നിർബന്ധിത നിശബ്ദത പാലിച്ചു. ആർ.എസ്.എസ് ജില്ലാ സംഘചാലക് സുന്ദരം ഗോവിന്ദ് സ്റ്റേഷനിലെത്തി ചടങ്ങ് നിർവഹിച്ചു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള പ്രഗതി കോളേജിൽ നിന്ന് പൊലീസ് സേനയിൽ ചേർന്ന 54 പേരെ വത്സൻ തില്ലങ്കരിക്കൊപ്പം ഫോട്ടോയെടുത്തപ്പോൾ ആഭ്യന്തര വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. തത്വമസി എന്നപേരില്‍ പോലിസ് സേനയില്‍ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

By newsten