ന്യൂഡൽഹി: പതിനഞ്ചുവയസ്സ് കഴിഞ്ഞ മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പ്രായപൂർത്തിയായാൽ മുസ്‌ലിങ്ങൾക്ക് വിവാഹത്തിലേർപ്പെടാമെന്ന് വിവിധ കോടതിവിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് ജസ്ജീത് സിങ് ബേദി ചൂണ്ടിക്കാട്ടി.
വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരായ പഞ്ചാബിലെ മുസ്ലീം ദമ്പതികളാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
മെയ് എട്ടിനാണ് 16 കാരിയായ പെൺകുട്ടിയും 21കാരനും മുസ്ലീം മതനിയമപ്രകാരം വിവാഹിതരായത്. തങ്ങളുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന് കാണിച്ച് പത്താൻകോട്ട് എസ്.പിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരിന് നോട്ടീസ് നൽകിയാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്.