തൃശൂർ: തൃക്കാക്കര തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരനെ രൂക്ഷമായി വിമർശിച്ച് യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസ്. ട്വിറ്ററിലാണ് വി. മുരളീധരനെതിരെ രൂക്ഷമായി വിമർശിച്ചത്.
മുരളീധരൻ കേരള ബി.ജെ.പിയുടെ ശാപമാണ്. കുമ്മനം മുതൽ ജേക്കബ് തോമസ് വരെയുള്ളവരുടെ പരാജയത്തിന് ഉത്തരവാദി മുരളീധരനാണ്. അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണം എന്നാണ് യുവമോർച്ച നേതാവ് ട്വീറ്റ് ചെയ്തത്. പാർട്ടി അച്ചടക്കം പാലിക്കുന്നുവെന്ന് പറഞ്ഞ് ട്വീറ്റ് ഉടൻ തന്നെ നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് പ്രസീദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം അറിയിച്ചത്.
തൃക്കാക്കരയിൽ സംസ്ഥാന നേതാവിനെ മത്സരിപ്പിച്ച ശേഷവും നിക്ഷേപിച്ച പണം പോലും പോയ അവസ്ഥയിലാണ് ബി.ജെ.പി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ടുകളുടെ കുറവും നേതൃത്വത്തിന് തലവേദനയാണ്. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജില്ലാ നേതാവിന് ലഭിച്ച വോട്ടുകൾ പോലും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റിന് ലഭിച്ചില്ല. രാധാകൃഷ്ണൻ 12,957 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.