Spread the love

മലപ്പുറം: മലപ്പുറത്ത് കെ.എസ്.ആർ.ടി.സിയിൽ മൂന്നാറിലേക്ക് ‘ഉല്ലാസയാത്ര’യ്ക്ക് പോകാൻ എത്തിയവരെ നിരാശരാക്കി അധികൃതര്‍. ആനവണ്ടിക്ക് പകരം ഇവർക്കായി എത്തിയത് സ്വകാര്യ ടൂറിസ്റ്റ് ബസ്. ഇതോടെ യാത്രക്കാരും അധികൃതരുമായി തർക്കമായി.

സ്വകാര്യ ടൂറിസ്റ്റ് ബസിൽ വിനോദയാത്രയ്ക്ക് പോകാൻ കെ.എസ്.ആർ.ടി.സിയുടെ സഹായം ആവശ്യമില്ലെന്നും കെ.എസ്.ആർ.ടി.സി ബസ് അവിടെയുണ്ടാകണമെന്ന ഉറച്ച നിലപാടും യാത്രക്കാർ സ്വീകരിച്ചു. വിനോദയാത്രകൾക്കായി സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് ഇപ്പോൾ സംസ്ഥാനത്തുടനീളം ക്രമീകരിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതരും വ്യക്തമാക്കി.

ഇതോടെയാണ് തർക്കം രൂക്ഷമായത്. പൊലീസ് എത്തി ഇരുവിഭാഗവുമായും ചർച്ച നടത്തി. തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് തന്നെ ഉല്ലാസയാത്രയ്ക്ക് അനുവദിച്ച് പ്രശ്നം പരിഹരിച്ചു. രാവിലെ 10 മണിക്ക് പുറപ്പെടേണ്ടിയിരുന്ന സംഘം 11 മണിയോടെയാണ് പുറപ്പെട്ടത്.

By newsten