ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 13,638 പോളിംഗ് ബൂത്തുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ്. ഡിസംബർ ഏഴിന് ഫലം പ്രഖ്യാപിക്കും. ക്രമസമാധാന പാലനത്തിനായി 50,000 ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.
ക്രിട്ടിക്കൽ ബൂത്തുകളും സെൻസിറ്റീവ് പ്രദേശങ്ങളും നിരീക്ഷിക്കാൻ പൊലീസ് ഡ്രോണുകൾ ഉപയോഗിക്കും. 250 വാർഡുകളിലായി 1.5 കോടിയിലധികം വോട്ടർമാരുണ്ട്. നിലവിൽ ബി.ജെ.പിയാണ് കോർപ്പറേഷൻ ഭരിക്കുന്നത്. ആം ആദ്മി പാർട്ടിയാണ് പ്രധാന പ്രതിപക്ഷ പാർട്ടി. കോണ്‍ഗ്രസും സജീവമായി മത്സരിക്കുന്നുണ്ട്.
2022 മാർച്ചിൽ നടക്കേണ്ടിയിരുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പാണ് മാസങ്ങൾക്ക് ശേഷം ഡിസംബറിൽ നടക്കുന്നത്. വായു മലിനീകരണം, മാലിന്യങ്ങൾ എന്നിവയെല്ലാം പാർട്ടികൾ ഇത്തവണ പ്രചാരണത്തിൽ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിച്ചിട്ടുണ്ട്.