പാലക്കാട്: നീർച്ചാലുകൾ നികത്തി വികസനം നടപ്പാക്കുന്ന കാലത്ത് നഷ്ടപ്പെട്ട നീരുറവ പുനഃസ്ഥാപിച്ച് പച്ചത്തുരുത്ത് വീണ്ടെടുത്ത് പാലക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്ത്. ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറിയും പരിസരവും ഇപ്പോൾ നാടിന്റെയാകെ കുടിവെള്ള സ്രോതസ്സാണ്. കുമ്പളംചോല പ്രദേശം ഇന്ന് ചെറു വനത്തിന് സമാനമായി തണലേകുന്ന ഇടമാണ്. പ്രാണവായുവിന് സമാനമാണ് ശുദ്ധജലം. കലര്‍പ്പില്ലാതെ കോരിയെടുക്കാന്‍ നല്ല നീരുറവയും വേണം. വികസനത്തിന്‍റെ പാതയിൽ പല നീരുറവകളും മണ്ണുമാന്തി ഉരുളുന്ന വഴികളായി മാറിയപ്പോൾ ചോലകൾ മൂടി. പലരും കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടി. വേനൽക്കാലത്ത് നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാനാണ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഒറ്റക്കെട്ടായി ശ്രമം ആരംഭിച്ചത്.
ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറിയും പരിസരവും തിരികെപ്പിടിച്ചാൽ കുടിവെള്ളക്ഷാമം പരിഹരിക്കാനാകുമെന്ന നിർദ്ദേശം ഉണ്ടായി. അങ്ങനെ തണലൊരുക്കും പദ്ധതി ആരംഭിച്ചു. വേരാഴ്ന്നിറങ്ങാന്‍ പാകത്തിലുള്ള വൃക്ഷത്തൈകള്‍ നിരനിരയായി നട്ട് പിടിപ്പിച്ചു. പച്ചത്തുരുത്ത് പതുക്കെ തല പൊക്കി. തൊഴിലുറുപ്പ് പണിക്കാരെയും ക്വാറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരെയും ജോലിയില്‍ പങ്കാളികളാക്കി. തീറ്റപ്പുൽ കൃഷി, ഫ്രൂട്ട് ഫോറസ്റ്റ്, ഫലവൃക്ഷ നഴ്സറി, തരിശുഭൂമിയിൽ പച്ചക്കറി എന്നിവയെല്ലാം തുടങ്ങി കുമ്പളംചോലയുടെ പഴയ പ്രതാപം വീണ്ടെടുത്തു. ഇന്ന് 1,000-ലധികം വൃക്ഷ തൈകളാണ് ഈ പ്രദേശത്തുള്ളത്.
ഒരിഞ്ചുപോലും തരിശിടാതെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശം പച്ചപ്പണിഞ്ഞതിനൊപ്പം പക്ഷികളുടെ ആവാസവ്യവസ്ഥ സാധ്യമാകുകയും ചെയ്തു. പ്രദേശത്തെ കിണറുകളിൽ നീരുറവ കൂടി. ചോലയിലെ ഒഴുക്കിനും കനം വന്നു. ഒരു നാടിന്റെയാകെ കുടിവെള്ളത്തിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കി വീണ്ടും മറ്റൊരു കുടിവെള്ള പദ്ധതിയെന്ന ചിന്തയ്ക്കപ്പുറം പ്രകൃതിയുടെ അടഞ്ഞവഴി തുറന്ന് ജലമൊഴുക്ക് പുനഃസ്ഥാപിക്കുക എന്നതിലേക്ക് പ്രവർത്തനങ്ങൾ മാറിയതാണ് മികവായത്.